[ SPOILERS AHEAD ! ]
വിശ്വനാഥൻ ആ നാട്ടിൽ വന്നത് പടം വരച്ചു കളിയ്ക്കാൻ ആയിരുന്നില്ല . അലസമായ നടത്തയും തീഷ്ണമായ കണ്ണുകളും ഉള്ള വിശ്വനാഥന്റെ ഉള്ളിൽ പക്ഷെ ഒരു അഗ്നിപർവതം ഉണ്ടായിരുന്നു . ആ നാട്ടിലെ താറാവ് കച്ചവടക്കാരൻ പൈലിയും ആയി ചങ്ങാത്തം കൂടിയതും അതിനു തന്നെ . വർഷങ്ങൾക്കു മുൻപ് തന്റെ ഇളയമ്മയും പൈലിയും തമ്മിലുള്ള അവിഹിതത്തിന്റെ ഓര്മകളും അതിന്റെ അനന്തര ഫലങ്ങളും വിശ്വനാഥനെ വേട്ടയാടുന്നു . അതിൽ പൊലിഞ്ഞത് വിശ്വനാഥന്റെ സ്വപ്‌നങ്ങൾ ആയിരുന്നു ജീവിതം ആയിരുന്നു. നേരിട്ടുള്ള പ്രതികാരത്തിനെ കാൾ വിശ്വൻ തിരഞ്ഞെടുത്തത് വേറൊരു വഴി ആയിരുന്നു. പൈലിയുടെ മകൾ അമ്മിണിയെ പ്രേമിക്കുക, അല്ല പ്രേമിക്കുന്നതായി നടിക്കുക .എന്നാൽ യഥാർത്ഥത്തിൽ വിശ്വന് സ്നേഹം സുശീലയോട് ആയിരുന്നു. വിശ്വനാഥൻ പൈലിയുടെ ഉറ്റ സുഹൃത്തായി . ഒടുവിൽ വിശ്വൻ അമ്മിണിയെ അറിയുന്നു …മധുരമായ പ്രതികാരം അവിടേം നിന്നില്ല അമ്മിണിയുടെ ശരീരത്തിന്റെ മധുരം നുകർന്ന് പിരിയുന്ന നേരം ആരും അറിയാതെ താറാവ് തീറ്റയിൽ വിഷം കലർത്തുന്നു.
ഇതാ ഇവിടെ വരെ – യിൽ നിന്നും ഒരു രംഗം.
പിറ്റേന്ന് കായലിൽ ചത്തൊടുങ്ങിയ താറാവുകളെ കണ്ടു ഞെട്ടിയ പൈലി സത്യം അറിയുന്നു. പിന്നെ പതിവ് പോലെ സംഘട്ടനം . എന്നാൽ വിധി ആണ് പൈലിയുടെ ജീവൻ എടുക്കുന്നത് . ഇതിനിടെ സുശീല വേറെ വിവാഹം കഴിച്ചു പോയിരുന്നു. വിശ്വൻ തിരിച്ചു അമ്മിണിയുടെ അടുത്ത് വരുമ്പോൾ അമ്മിണി അയാളെ നിഷ്കരുണം തള്ളി വള്ളം തുഴഞ്ഞു മറ്റേതോ കരയിലേക്ക് പോകുന്നു. സ്വാഭാവികമായ ഒരു ക്ലൈമാക്സ് ആയിരുന്നില്ല അത്. എല്ലാം നേടി എന്ന് അഹങ്കരിച്ചിരുന്ന വിശ്വൻ എല്ലാം നഷ്ടപെട്ടവൻ ആയ നിമിഷം. വിശ്വനാഥൻ ആയി സോമനും, പൈലി ആയി മധുവും, അമ്മിണി, സുശീല ഇവരെ ജയഭാരതി, വിധു ബാല എന്നിവരും അവതരിപ്പിച്ചു . ബഹദൂർ, അടൂർ ഭാസി, ഉമ്മർ, കവിയൂര് പൊന്നമ്മ, ബഹദൂർ,ശ്രീലത തുടങ്ങി ഒരു നീണ്ട താര നിര ഉണ്ടു ഈ ചിത്രത്തിൽ.
1977 - ഇൽ ആദ്യമായി പദ്മരാജനും ഐ വി ശശിയും കൈ കോർത്തപ്പോൾ മലയാള സിനിമക്ക് ലഭിച്ചത് എം ജി സോമൻ എന്ന ഒരു സൂപ്പർ താരത്തെ മാത്രമല്ല , ചെറിയ ഒരു വേഷത്തിൽ വന്നു പിന്നീട് മലയാള സിനിമയുടെ നാഡിമിടിപ്പ് ആയി മാറിയ ജയൻ എന്ന നടൻ കൂടിയാണ് . മധുവും സോമനും മത്സരിച്ചു അഭിനയിച്ച ഈ ചിത്രം യൂസഫലി കേച്ചേരി എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ശ്രവണ സുന്ദരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. പ്രണയ രംഗങ്ങളിൽ അത്ര ശോഭിക്കാത്ത സോമൻ അഭിനയിച്ച “വെണ്ണയോ വെണ്ണിലാവു ഉറഞ്ഞതോ” എന്ന ഗാനം ഉൾപെടെ അഞ്ചു ഗാനങ്ങൾ ആണ് പഞ്ചപായസം പോലെ ഇവർ വിളമ്പിയത്.
വെണ്ണയോ വെണ്ണിലാവു – ഇതാ ഇവിടെ വരെ
പടത്തിൽ ഉടനീളം വിശ്വനാഥൻ പറയുന്ന “ഇതാ ഇവിടെ വരെ” എന്നാ പേരിലും ഒരു ഗാനം ഉണ്ടായിരുന്നു. തുടർന്ന് സോമൻ മലയാളത്തിന്റെ ക്ഷുഭിത യൗവ്വനം ആയി മാറി . പിന്നീട് ശശി ചിത്രങ്ങളിലെ സജീവസാന്നിധ്യം ആയിരുന്ന സോമൻ ശശിയും ആയി പിണങ്ങി . വർഷങ്ങൾക്കു ശേഷം കമലഹാസൻ ഇടപെട്ടു അവരുടെ പിണക്കം മാറ്റി. തുടർന്ന് ഐ വി ശശിയും കമലഹാസനും ഒന്നിച്ച അവസാന ചിത്രമായ വൃതം (1987) എന്ന ചിത്രത്തിലൂടെ സോമൻ വീണ്ടും ശശി പാളയത്തിൽ എത്തി . പുതിയ തലമുറയിലെ എന്റെ കുഞ്ഞുങ്ങളെ “നേരാ തിരുമേനി ഈപ്പച്ചൻ പള്ളികൂടത്തിൽ പോയിട്ടില്ല ” എന്ന സോമനെ മാത്രമേ നിങ്ങള്ക്ക് അറിയൂ . പ്രണയ രംഗങ്ങൾ ഒഴിച്ചാൽ മനോഹരമായ ഒരു നിഷേധി ആയിരുന്നു മലയാള സിനിമയിൽ സോമൻ. ഐ വി ശശി ആകട്ടെ ഏതു പാത്രത്തിലും നിറയുന്ന വെള്ളവും . ടി ദാമോദരൻ , ഷെരീഫ്, എം ടി വാസുദേവൻ നായർ, പദ്മരാജൻ തുടങ്ങി രഞ്ജിത്ത് വരെ ഉള്ള എഴുത്തുകാരെ അവർ അര്ഹിക്കുന്ന രീതിയിൽ ബഹുമാനിച്ചു ചിത്രങ്ങൾ എടുക്കാൻ ശശിക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു
ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും ഒഴുകുന്ന പുഴയിൽ കാൽ നനച്ചു കാലം മുന്നോട്ടു പോയി. ഇരുപതു വര്ഷത്തിനു ശേഷം 1997 - ഇൽ ജോസ് തോമസ് ഒരു ചിത്രവും ആയി വന്നു. ചിത്രത്തിന്റെ പേര് അടിവാരം. വിജയരാഘവൻ, മുരളി, ചാർമിള – ഇവർ സ്ക്രീനിൽ. ഫേസ് ബുക്കും വിപുലമായ നെറ്റും ഇല്ലാത്ത ആ കാലത്ത് ആ ചിത്രം കണ്ടവര്ക്ക് പെട്ടെന്ന് മനസ്സിലായില്ല എങ്കിലും, പഴയ തലമുറ തിരിച്ചറിഞ്ഞു – അത് “ഇതാ ഇവിടെ വരെ ” തന്നെ ആണെന്ന്. സന്ദർഭങ്ങൾ മാറി, ആളുകൾ മാറി, പക്ഷെ കഥ മാറിയില്ല ! വലിയ വിജയം ഒന്നും നേടിയില്ല ഈ ചിത്രം.കുളിർ പെയ്ത മാമഴയിൽ നനഞ്ഞ പടക്കമായി ആ ചിത്രം.
വീണ്ടും 13 വർഷങ്ങൾ. ഇത്തവണ വന്ന വിശ്വനാഥന് നിഷേധിയുടെ മുഖം മൂടി ഇല്ല. ശാന്തൻ ! കമൽ സംവിധാനം ചെയ്ത ആഗതൻ (2010) ആയിരുന്നു ആ ചിത്രം ഇതാ ഇവിടെ വരെ പോലെ വില്ലനും നായകനും തമ്മിൽ അടിച്ചില്ല . താറാവ് പൈലി ഇത്തവണ പട്ടാളക്കാരൻ ആയി. സത്യരാജ് ജീവൻ നൽകിയ ആ കഥ പാത്രത്തിനു ശബ്ദ സാന്നിധ്യം ആയി സായികുമാറും ഉണ്ടായിരുന്നു.മകളുടെ വേഷം ചാര്മിയും. ശരാശരി ചിത്രത്തിൽ ഒതുങ്ങി അത് .
മൂന്നു വർഷങ്ങൾ ഇതാ ഇവിടെ വരെ നിശബ്ദമായിരുന്നു . വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ നിശബ്ദത .. ഈ കഥയുടെ നാലാം ചിത്രം ഈ കഥയുടെ ഏറ്റവും വലിയ അപമാനം ആയി എന്ന് പറയാം . പദ്മകുമാർ സംവിധാനം ചെയ്ത ഇത് പാതിരാ മണൽ.
എല്ലായിടവും പിഴച്ചു പോയ ചിത്രം. നിഷേധിയായ സോമന്റെ വിശ്വനാഥന് പകരക്കാരൻ ആയതു ആ അഭിനയത്തിന്റെ ഒരു ശതമാനം പോലും മുഖത്ത് വരാത്ത ഉണ്ണി മുകുന്ദൻ, (ക്ഷമിക്കുക , ആ ചിത്രം കണ്ടവർ എന്നോട് ചേർന്ന് നില്കും എന്ന് ഉറപ്പാണ് ) നായിക, അതായതു വില്ലന്റെ മകൾ ആയി രമ്യ നമ്പീശൻ . ഇനി വില്ലനോ ? പ്രദീപ് റാവത്ത് . ഓർമ വരുന്നില്ലേ ? നമ്മുടെ ഗജിനി . മോശം പറഞ്ഞൂടാ, അഭിനയം നന്നായി അറിയാം ആ നടന്, പക്ഷെ അറിയാത്ത ഭാഷയിൽ ഇത്രയും വലിയ കഥ പാത്രം എടുത്തു തലയിൽ വച്ച് കൊടുത്താലോ . ജയസൂര്യ അഭിനയിക്കേണ്ടിയിരുന്ന വേഷം ആയിരുന്നു. ഒരു അപകടത്തിൽ പെട്ട് ജയസൂര്യ കിടപ്പിൽ ആയപ്പോൾ പകരക്കാരൻ ആയി വന്ന ഉണ്ണി മുകുന്ദന് പക്ഷെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവും ഇല്ലായിരുന്നു ( ആ കിടപ്പിൽ ജയസൂര്യ ബ്യൂട്ടിഫുൾ ചെയ്തു . ഉർവശി ശാപം ഉപകാരം )
ദോഷം പറയരുതല്ലൊ, ഇതിനിടെ ഏകദേശം സമാന കഥയും ആയി പ്രിയനും ചെയ്തു ഒരെണ്ണം - ഒരു മുത്തശ്ശി കഥ (1988) . പക്ഷെ അതിൽ വില്ലന്റെ മകളെ പ്രണയിച്ചു വഞ്ചികുന്നില്ല, പകരം കല്യാണം കഴിഞ്ഞു വഞ്ചിക്കുന്നു എന്നെ ഉള്ളു !
ഇനിയും ക്ളോണ്‍ ചെയ്ത താറാവു കൂട്ടങ്ങളും ആയി പൈലിമാർ ഈ വഴിയെ വന്നു കൂടെന്നില്ല.
