വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്ത ഒരു സത്യവിശ്വാസി . “മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്” എന്ന് പറഞ്ഞ തത്വങ്ങളെ മുറുകെ പിടിച്ചിരുന്ന ഒരു അസ്സല്‍ ഇടതു പക്ഷ ചിന്തകന്‍. സ്വാഭാവികമായും ഇങ്ങനെ ഒരാളില്‍ നിന്ന് ഒരു ഭക്തി ഗാനം പ്രതീക്ഷിക്കാമോ ?
ദൈവം ഇല്ല എന്ന് ഉറക്കെ പറയുമ്പോഴും ദൈവം ഉണ്ട് എന്നതിന്റെ തെളിവായിരുന്നു ആ പ്രതിഭ ! മലയാള സിനിമ കണ്ടതില്‍ വച്ച് ഏറ്റവും നല്ല അയ്യപ്പ ഭക്തി ഗാനങ്ങള്‍ തിരഞ്ഞെടുത്താല്‍ “ശബരിമലയില്‍ തങ്കസൂര്യോദയം” എന്നും ആദ്യത്തെ ഒന്നിലോ രണ്ടിലോ വരും. എന്നു കരുതി അത് കൊണ്ട് വയലാര്‍ രാമവര്‍മ എന്ന മനുഷ്യന്‍ ദൈവ വിശ്വാസി ആണെന്ന് കരുതണ്ട . കാരണം അതേ ചിത്രത്തില്‍ തന്നെ “ഒരു കുപ്പി കള്ളടിച്ചാല്‍ ഈശ്വരന്‍ പിണങ്ങുമെങ്കില്‍ ചുമ്മാ പിണങ്ങി ക്കൊട്ടെ“ എന്നും പറയുന്നുണ്ട്.
ശബരിമലയില്‍ തങ്കസൂര്യോദയം.
ദൈവം ഇല്ല എന്ന് വയലാര്‍ പറയുന്നുണ്ടോ ? ഇല്ല. അള്ളാഹുവും ക്രിസ്തുവും കൃഷ്ണനും ഒക്കെ ഒന്നാണ് എന്നും ഇതെല്ലാം ചേര്‍ന്നതാണ് സാക്ഷാല്‍ ഈശ്വരന്‍ എന്നും വയലാര്‍ വിശ്വസിക്കുന്നു. 1972 – ഇല്‍ ശ്രീ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അച്ഛനും ബാപ്പയും എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ ഇങ്ങനെ എഴുതി :
ക്രിസ്തുവും കൃഷ്ണനും നീയല്ലോ
ബുദ്ധനും നബിയും നീയല്ലോ
ഒന്നായ നിന്നെ രണ്ടെന്നു കണ്ടവര്‍
അന്ധന്മാരല്ലോ .
അതേ വര്‍ഷം തന്നെ കുഞ്ചാക്കോ സംവിധാനം ചെയ്ത പോസ്റ്റുമാനെ കാണാനില്ല എന്ന ചിത്രത്തില്‍ കുറച്ചു കൂടെ വ്യക്തമാക്കി :
ഈശ്വരന്‍ ഹിന്ദുവല്ല, ഇസ്ലാമല്ല
ക്രിസ്ത്യാനിയല്ല, ഇന്ദ്രനും ചന്ദ്രനുമല്ല!
തീര്‍ന്നില്ല.ഈ ഗാനത്തിന്റെ അനുപല്ലവിയും ചരണവും അല്പം ഞെട്ടിച്ചു എന്ന് തന്നെ പറയാം.
കൃഷ്ണനെ ചതിച്ചു, ബുദ്ധനെ ചതിച്ചു
ക്രിസ്തുദേവനെ ചതിച്ചു, നബിയെ ചതിച്ചു
മാര്‍ക്സിനെ ചതിച്ചു, നല്ലവരെന്നു നടിച്ചു
നിങ്ങള്‍ നല്ലവരെന്നു നടിച്ചു.
ദൈവത്തിനും ദൈവപുത്രനും ഇടയില്‍ ഇടതുപക്ഷ നായകന്‍ മാര്‍ക്സ് എങ്ങനെ വന്നു ? ഒരു പക്ഷെ വയലാറിന് ദൈവത്തിനു സമം ആകാം അവര്‍ .
ഇനിയും ചരണങ്ങള്‍ നോക്കാം :
വെള്ളപൂശിയ ശവക്കല്ലറയിലെ വെളിച്ചപ്പാടുകളേ
നിങ്ങള്‍ അമ്പലങ്ങള്‍ തീര്‍ത്തു, ആശ്രമങ്ങള്‍ തീര്‍ത്തു
ആയിരം പൊയ്‌മുഖങ്ങള്‍ തീര്‍ത്തു!
മനസ്സിലായില്ല? എന്നാല്‍ അടുത്തത് കൂടി :
കാവി ചുറ്റിയ സന്ധ്യയ്ക്കു പിന്നിലെ കറുത്തവാവുകളേ,
നിങ്ങള്‍ ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ്ഗീത കൊണ്ടു മറച്ചു,
ഇത്രനാള്‍ ഭഗവദ്ഗീത കൊണ്ടു മറച്ചു.
ഇവിടെ മതത്തിന്റെ തിമിരം ബാധിച്ച എല്ലാവരെയും വയലാര്‍ നോക്കുന്നില്ല. ഈ രണ്ടു ചരങ്ങളിലും ഹൈന്ദവ അനാചാരങ്ങള്‍ മാത്രമാണ് വയലാര്‍ കണ്ടത്.
ഈശ്വരന്‍ ഹിന്ദുവല്ല.
കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ലൈന്‍ ബസ്സില്‍ വയലാര്‍ പറയുന്നു,
അദ്വൈതം ജനിച്ചനാട്ടില്‍, ആദിശങ്കരന്‍ ജനിച്ചനാട്ടില്‍
ആയിരംജാതികള്‍ ആയിരംമതങ്ങള്‍ ആയിരംദൈവങ്ങള്‍!
ഇതില്‍ തന്നെ നിത്യ സ്നേഹം ആണ് നിലനില്‍ക്കുന്നത് എന്ന് പറയുന്ന വയലാര്‍ അദ്വൈതം ഒരു മതത്തിന്റെയും കുത്തക അല്ല എന്ന് ഉറപ്പിക്കുന്നു വേറെ ഒരു പാട്ടിലൂടെ.കുഞ്ചാക്കോ സംവിധാനം ചെയ്ത ദുര്‍ഗയിലെ ഗുരുദേവാ എന്ന ഗാനത്തില്‍,
അദ്വൈതത്തിനെ പൂണൂലണിയിക്കും,
ആര്യമതങ്ങള്‍ കേള്‍ക്കെ, അവരുടെ ആയിരം ദൈവങ്ങള്‍ കേള്‍ക്കെ
ഒരുജാതിയൊരുമതം ഒരുദൈവമെന്നൊരു..
ഇവിടെ എല്ലാം എല്ലാ മതങ്ങളെയും വയലാര്‍ സ്പര്‍ശിക്കുന്നില്ല .പകരം ഹൈന്ദവ മതങ്ങളെ മാത്രമാണ് വിമര്‍ശിക്കുന്നത്.
ഗുരുദേവാ
എന്നാല്‍ കാവ്യമേളയ്ക്ക് വേണ്ടി എഴുതിയ ഗാനത്തില്‍ വയലാര്‍ ഇങ്ങനെ പറയുന്നു,
ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ
നിങ്ങള്‍ മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ!
ഈശ്വരനെത്തേടി
ഇവിടെ ഹൈന്ദവത വിട്ടു മാറിയതായി തോന്നുന്നു.പക്ഷെ ദൈവം അത്ര കഠിന ഹൃദയന്‍ ഒന്നുമല്ല എന്നാണ് വയലാര്‍ പക്ഷം. നവവധുവിന് വേണ്ടി എഴുതിയ ഗാനം അത് വ്യക്ത്യമാക്കുന്നു:
ഈശ്വരന്റെ തിരുമൊഴി കേട്ടു
കിളി ചിലയ്ക്കും പോലെ
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ
ഇവനെന്റെ പ്രിയ പുത്രൻ
ഗാനം ഇങ്ങനെ തുടരുന്നു
അവൻ നിത്യ ദുഃഖത്തിന്റെ ചുമടെടുത്തപ്പോൾ
മിഴി നിറഞ്ഞു ദൈവത്തിൻ മിഴി നിറഞ്ഞു
അപ്പോള്‍ ശരിക്കും ദൈവം ഉണ്ടോ ?
വാല്‍ക്കഷ്ണം.
ശബരിമലയില്‍ അയ്യപ്പനെ നെയ്യഭിഷേകം ചെയ്യുമ്പോള്‍ ദര്‍ശിക്കുന്നത് പുണ്യമാണ് എന്ന് വയലാറിനും അറിയാം . “നെയ്യഭിഷേകമൊരു പുണ്യ ദര്‍ശനം” എന്ന് എഴുതി വയ്ക്കുകയും ചെയ്തു . എന്നാല്‍ അങ്ങനെ നെയ്യില്‍ മുങ്ങി നില്‍ക്കുന്ന അയ്യപ്പനെ എന്ത് വിളിക്കണം ? ഈ ചോദ്യത്തിന് ഉത്തരം മകന്‍ വയലാര്‍ തരുന്നു . കാണാകണ്മണി എന്ന ചിത്രത്തിന് വേണ്ടി എഴുതിയ ആദമല്ലേ ഈ മണ്ണില്‍ ആദ്യം എന്ന ഗാനത്തില്‍ കൃത്യമായി മകന്‍ എഴുതി, “തപ്പാണേ പൊന്നയ്യാ കരിമലവാസാ അയ്യപ്പാ നെയ്യപ്പാ എല്ലാം നീയോ ചോദിക്ക്.” അതായതു, നെയ്യില്‍ മുങ്ങി നില്‍ക്കുന്ന അയ്യപ്പനെ നെയ്യപ്പാ എന്നും വിളിക്കാം എന്ന് സാരം !
