
Ratheesh in Commissioner (1994)
1980-ഇല്‍ ജയന്‍ വിട പറഞ്ഞപ്പോള്‍ ഇനി സിനിമ കാണണോ എന്ന് ആലോചിച്ച ഭൂരിപക്ഷം മലയാളികള്‍ ഒരാളാണ് ഈയുള്ളവന്‍ . അടുത്ത വര്‍ഷം ഐ വി ശശി ഒരു വന്‍ ബജറ്റ് ചിത്രം ഇറക്കി – തുഷാരം. കണ്ടവര്‍ കശ്മീരിലെ ഭംഗികളെ പറ്റി പറഞ്ഞ കൂട്ടത്തില്‍ നായകനെ പറ്റിയും പറഞ്ഞു – ഒരു രതീഷ് . പൂച്ചക്കണ്ണന്‍ . അച്ഛനോട് ഒരു പാട് കെഞ്ചെണ്ടി വന്നില്ല കൊണ്ട് പോകാന്‍.
പതിവ് പോലെ ബാലന്‍ കെ നായര്‍ വില്ലന്‍. അട്ടഹാസം, വെടി, പുക ഒക്കെ തന്നെ. ഒപ്പം സുന്ദരമായ ഗാനങ്ങളും. പക്ഷെ എന്തോ ഒരിഷ്ടം രതീഷിനോട് തോന്നി.. ഇന്നത്തെ പോലെ നെറ്റും ഫോണും ഒന്നും ഇല്ലാത്ത കാലം ! നാനയും ചിത്രഭൂമിയും ഫിലിം മാഗസിനും ഒക്കെ ചവച്ചരച്ചപ്പോള്‍ കിട്ടി - പേര് രതീഷ്, സ്ഥലം കലവൂര്‍, അച്ഛന്‍ പട്ടണക്കാട് പുത്തന്‍പുരയില്‍ രാജഗോപാല്‍, അമ്മ പത്മാവതിയമ്മ . ആദ്യം വന്നത് അഹല്യാമോക്ഷം (വേഴാമ്പല്‍) എന്ന ചിത്രം . പിന്നെ സംവിധാനം പഠിക്കാന്‍ നേരെ കെ ജി ജോര്‍ജിന്റെ അടുത്തേക്ക് . പക്ഷെ ക്യാമറക്ക് പിന്നില്‍ അല്ല, മുന്നില്‍ ആണ് ഈ ചെറുപ്പകാരന്റെ സ്ഥാനം എന്ന് മനസ്സിലാക്കിയ കെ ജി ജോര്‍ജ് “ഉള്‍ക്കടലിലെ” മെഡിക്കല്‍ റെപ്പ് ഡേവിസ് എന്ന വേഷം നല്‍കി നടനാക്കി .

Ratheesh in Ulkadal
പിന്നെ ഐ വി ശശിക്കൊപ്പം തുഷാരം . ജയന്‍റെ സിംഹാസനം തന്നെ ആയിരുന്നു ഭീമന്‍ രഘുവിനെ പോലെ രതീഷിന്റെയും സ്വപ്നം. തുഷാരം സിനിമയില്‍ പോലിസ് ചേസ് ചെയ്യുമ്പോള്‍ ബൈക്കില്‍ ജമ്പ് ചെയ്യുന്ന രംഗം ഡ്യൂപ്പ് ഇല്ലാതെ അഭിനയിച്ചു രതീഷ് ശശിയെ ആദ്യം ഞെട്ടിച്ചു.ചുരുക്കത്തില്‍ രതീഷിന്‍റെ ബ്രിഗേഡിയര്‍ രവീന്ദ്രനും തുഷാരവും വന്‍ ഹിറ്റ് ആയി ! പിന്നെ രതീഷിന്‍റെ നാളുകള്‍ ആയിരുന്നു, ഒരു പരിധി വരെ. അന്ന് മമ്മൂട്ടി സഹനടനും മോഹന്‍ലാല്‍ വില്ലനും ഒക്കെ ആയി തല കാണിച്ചു തുടങ്ങിയ സമയം. ആ വര്‍ഷവും അടുത്ത വര്‍ഷവും ആയി രതീഷിന്‍റെ കാള്‍ ഷീറ്റ് വാങ്ങിയവര്‍ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകര്‍ ആയിരുന്നു.
ഇഷ്ടമാണ്, പക്ഷെ (1980/ബാലചന്ദ്രമേനോന്‍), ചാമരം (1980/ഭരതന്‍), മുന്നേറ്റം (1981/ശ്രീകുമാരന്‍ തമ്പി), എന്നെ സ്നേഹിക്കു എന്നെ മാത്രം (1981/പി ജി വിശ്വംഭരന്‍ ), വളര്‍ത്തു മൃഗങ്ങള്‍ (1981/ഹരിഹരന്‍ ), കരിമ്പൂച്ച (1981/ലിസ ബേബി) – പ്രശംസനീയമായ, വല്ലാത്തൊരു തുടക്കം, ഒരുപാടു പ്രതീക്ഷകള്‍. രതീഷ് 1981-ഇല്‍ പത്തു പടങ്ങളില്‍ ആയിരുന്നു അഭിനയിച്ചത് തുടര്‍ന്ന് 1985 ആയപ്പോള്‍ ഇരുപതു പടങ്ങള്‍ ! ജോണ്‍ ജാഫേര്‍ ജനാര്‍ദനന്‍ എന്ന സിനിമയില്‍ ടൈറ്റില്‍ റോള്‍! ! രതി ചിത്രങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചു തുടങ്ങിയപ്പോള്‍ കെ എസ് ഗോപാല കൃഷ്ണന്‍റെയും ക്രോസ് ബെല്‍റ്റ് മണിയുടെയും പ്രിയപെട്ടവന്‍ ആയി രതീഷ്.
മുഖ്യ ധാര ചിത്രങ്ങള്‍ക് ഒപ്പം ഉച്ചപടങ്ങളിലും രതീഷ് നായകനായപ്പോള്‍ എന്തിനു എന്നൊരു സംശയം സ്വാഭാവികമായി ഉയര്‍ന്നു വന്നു. അതിന്‍റെ ഉത്തരവും സിനിമ മാസികകള്‍ തന്നു. “ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് കാശിനു വേണ്ടി ആണ് . എന്‍റെ ജോലി ആണ് സിനിമ” .എന്നു വച്ചാല്‍ എല്ലാരും പറയുന്ന പോലെ കലയെ പരിപോഷിപ്പിക്കാന്‍ അല്ല എന്നു സാരം.
കാശു കുറെ ആയപ്പോള്‍ ഒരു പടം പിടിക്കാന്‍ രതീഷ് തീരുമാനിച്ചു . സത്താറും ഒപ്പം ചേര്‍ന്നു. അങ്ങനെ Jade Films -ന്‍റെ ബാനറില്‍ റിവഞ്ച് എന്നൊരു പടം ക്രോസ് ബെല്‍റ്റ് മണിയുടെ സംവിധാനത്തില്‍ ഇറങ്ങി . പ്രത്യേകിച്ച് ഒരു പ്രതീക്ഷയും നിര്‍മ്മാതാക്കള്‍ക്കും ഇല്ലായിരുന്നു എന്നത് കൊണ്ട് അവര്‍ക്ക് വിഷമം തോന്നി കാണില്ല. രതീഷ്-സത്താര്‍ സഖ്യം പിന്നയും രണ്ടു ചിത്രങ്ങള്‍ കൂടി എടുത്തു – ബ്ലാക്ക് മെയില്‍ ( 1985), പിടികിട്ടാപ്പുള്ളി (1986) - കലാപരമായി ഒരു മേന്മയും അവകാശപ്പെടാന്‍ ഇല്ലാത്ത ചിത്രങ്ങള്‍ .പക്ഷെ പിന്നെ രതീഷിന്‍റെ ഗ്രാഫ് താഴോട്ട് ആയിരുന്നു എന്ന് വേണം പറയാന്‍, കുറച്ചു കാലത്തേക്കെങ്കിലും. മോഹന്‍ലാലിനു സുപ്പര്‍താരപരിവേഷം നല്‍കിയ രാജാവിന്‍റെ മകനില്‍ വില്ലനായി വന്നു. (രതീഷ് കത്തി നില്‍ക്കുമ്പോ വില്ലന്‍ ആയിരുന്നു മോഹന്‍ലാല്‍ ! സിനിമ എന്നും പ്രവചനാതീതം തന്നെ ) 1988-ല്‍ ആറ് പടത്തില്‍ അഭിനയിച്ച രതീഷ് തൊണ്ണൂറ്റിഒന്നില്‍ ഒരു പടമായി മാറി. വീണ്ടും സിനിമ നിര്‍മാണം . ജയറാമിനെ നായകനാക്കി കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത “ചക്കിക്കൊത്ത ചങ്കരന്‍”.( 1989) – നല്ല ഒന്നാംതരം തമാശ ചിത്രം ആയിരുന്നു അത് . അടുത്ത വര്‍ഷം പാറു കംബൈന്‍സ് വീണ്ടും ഒരു പടം കൂടി എടുത്തു, “അയ്യര്‍ ദി ഗ്രേറ്റ്” – മലയാറ്റൂരിന്റെ കഥയ്ക്ക് ചലച്ചിത്ര ഭാഷ്യം നല്‍കിയത് ഭദ്രന്‍. അതോടെ രതീഷ് എന്ന നടന്‍ സിനിമയില്‍ നിന്ന് അകന്നു . ഭാര്യ ഡയാനക്കും നാല് മക്കള്‍ക്കും ഒപ്പം സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്ന് അകന്നു കൃഷിയും ബിസിനസ്സും ആയി മറ്റൊരാള്‍ ആയി. മൂന്നു വര്‍ഷത്തെ വനവാസത്തിനു ശേഷം വീണ്ടും ക്യാമറക്ക് മുന്നിലേക്ക്.

Mammootty in Iyer the Great
പക്ഷെ സോളോ നായകന്‍ എന്നത് അപ്രാപ്യം ആണെന്ന് രതീഷിനും അറിയാമായിരുന്നു (രണ്ടാം വരവിലും അവസാനം വരെ വിഗ് വച്ച് തന്നെ അഭിനയിച്ചു). ക്യാബിനെറ്റ് ( 1994 ) പോലുള്ള തല്ലിപൊളി പടത്തില്‍ ബൈജുവിനെ പോലുള്ള നടന്മാരുടെ തല്ലു കൊള്ളുന്ന വില്ലന്‍ ആയി രതീഷ്. പക്ഷെ അവിടെയും അല്‍പം ഭാഗ്യം രതീഷിനെ കാത്തിരുന്നിരുന്നു – ഷാജി കൈലാസിന്റെ കമ്മീഷണര്‍ ( 1994 ) ! സുരേഷ് ഗോപിക്ക് ഒപ്പം നില്‍കുന്ന വില്ലന്‍. ഒരു പക്ഷെ വില്ലന്‍ നായകന്‍റെ പേര് പറയുന്നതിനെക്കാള്‍ കൂടുതല്‍ നായകന്‍ വില്ലന്‍റെ പേര് പറഞ്ഞു കണ്ട മലയാള സിനിമ ഇതായിരിക്കണം. മോഹന്‍ തോമസ് ശരിക്കും തകര്‍ത്തു, എല്ലാ അര്‍ത്ഥത്തിലും. അട്ടഹാസവും ആക്രോശവും ഒന്നും ഇല്ലാതെ ശാന്തനായി ഭീഷണി പെടുത്തുന്ന മോഹന്‍ തോമസ് ഒരു “സംഭവം” ആയി . കേരളം പോലുള്ള ഒരു ഇട്ട വട്ടത്തില്‍ കിടന്നു നിന്നോട് തായം കളിയ്ക്കാന്‍ ഞാനില്ല എന്നു പറയുമ്പോ നായകന് മുകളില്‍ വില്ലന് ഒരു സ്റ്റാര്‍ഡം പ്രേക്ഷകര്‍ കണ്ടു.
മോഹന്‍ തോമസ് @ 6:50.
കമ്മീഷണര്‍ ( 1994 ) -ല്‍ മോഹന്‍ തോമസ് പറയുന്നുണ്ട്, “കേരളം എന്ന ഇട്ടാവട്ടത്ത് കിടന്നു തായം കളിയ്ക്കാന്‍ എനിക്ക് താല്പര്യം ഇല്ല എന്ന്“. ഒരു പക്ഷെ ഒരു അഭിനേതാവ് അല്ലെങ്കില്‍ നായക കഥാപാത്രം എന്ന നിലയില്‍ രണ്ടു പതിറ്റാണ്ടിനിടയില്‍ ഉള്ള രതീഷിന്‍റെ മലയാള സിനിമയിലെ ബാക്കിപത്രം കൂടെ ആയിരുന്നു ആ ഡയലോഗ്. കേരളം വിട്ടു ഒരു കളിക്ക് രതീഷിനു അവസരം ലഭിച്ചിരുന്നില്ല. ഇതിനോടകം കേരളത്തില്‍ സ്വകാര്യ ചാനലുകള്‍ പച്ച പിടിച്ചു തുടങ്ങിയിരുന്നു. യന്ത്ര വിഷന്റെ ശ്യാം തുറന്നു വിട്ട കണ്ണീര്‍ സീരിയലുകള്‍ എന്ന ഭൂതം സാവകാശം കേരളം കീഴടക്കി തുടങ്ങി. സിനിമയില്‍ നിന്നും അകന്നവര്‍, സിനിമാക്കാര്‍ മറന്നവര്‍ ഒക്കെ വീണ്ടും വന്നു തുടങ്ങിയപ്പോള്‍ രതീഷിനു മനോഹരമായ ഒരു അവസരം കിട്ടി. കെ കെ രാജീവിന്റെ വേനല്‍മഴ എന്ന സീരിയല്‍. നായിക ശ്രീവിദ്യ. സീരിയല്‍ പറന്നു ഉയര്‍ന്നപ്പോള്‍ രതീഷിനു തിരക്കായി തുടങ്ങി. പക്ഷെ, രംഗബോധം ഇല്ലാത്ത കോമാളിക്ക് അത് പിടിക്കുമോ ?
നാല്പത്തി എട്ടു വയസ്സ് അത്ര വലിയ പ്രായം ഒന്നും അല്ല എന്നു ദൈവത്തിനോട് വാദിക്കാന്‍ നമുക്ക് ആവുമോ? ഇനി മുതല്‍ ഞാന്‍ പ്രവര്‍ത്തിക്കില്ല എന്നു പറഞ്ഞു, ഒരു കൊച്ചു കുട്ടിയുടെ വാശിയോടു രതീഷിന്റെ ഹൃദയം നിശ്ചലമായി 2002 ഡിസംബര്‍ ഇരുപത്തി മൂന്നിന്. ഒരു കയറ്റവും ഇറക്കവും കഴിഞ്ഞു വീണ്ടും ഒരു കയറ്റത്തില്‍ ആയിരുന്നു രതീഷ്. പാര്‍വതിയെയും,പദ്മരാജിനെയും, പദ്മയും, പ്രണവിനെയും അവരുടെ അമ്മയെയും, രതീഷിനെ സ്നേഹിച്ച എന്നെ പോലെ ചിലരെയും നിരാശപ്പെടുത്തി, വെറുതെ കൈ വീശി, പൂച്ചകണ്ണില്‍ നിറയെ ചിരിയും ആയി രതീഷ് നടന്നകന്നു.
ദൈവത്തിനു സ്നേഹമുള്ളവര്‍ മാത്രം വസിക്കുന്ന ആ അദൃശ്യ ലോകത്തിലേക്ക്.
